കൊച്ചി : ലൈംഗിതാകിക്രമ കേസില്‍ ജയിലില്‍ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം.എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം.
പ്രതിയുടെ സിനിമയില്‍ ഉള്ളവരാണ് പ്രധാന സാക്ഷികള്‍. ഇവരെ പ്രതി സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാല്‍, സാക്ഷികളെ സ്വാധീനിക്കില്ലെന്നും സാക്ഷികളുള്ള പരിധിയില്‍ പ്രവേശിക്കില്ലെന്നും രഞ്ജിത് കോടതിയില്‍ അറിയിച്ചു.
തന്റെ ഡോക്ടർ നിർദേശിച്ച മരുന്നുകള്‍ കഴിക്കുന്നുണ്ട്. കുറ്റം സമ്മതിച്ചില്ലെന്ന് കരുതി അന്വേഷണത്തോട് സഹകരിച്ചില്ല എന്ന് പറയാനാവില്ല. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകുമെന്നും രഞ്ജിത് കോടതിയെ അറിയിക്കുകയായിരുന്നു.
യുവനടിയുടെ ലൈംഗിക പീഡന പരാതിയിലാണ് രഞ്ജിത്ത് അറസ്റ്റിലായത്. ജനുവരി 9ന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. രഞ്ജിത്തിനെ കാണാൻ കാരവാനില്‍ കയറിയപ്പോള്‍ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയില്‍ വെച്ച് കാർ തടഞ്ഞാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.

