തളിപ്പറമ്പ്: ബി.ജെ.പി-ആര്‍. എസ്.എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പ്രമാദമായ കേസില്‍ പത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം കഠിനതടവും 2,60,000 രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ് അഡീണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍.പ്രശാന്താണ് ശിക്ഷ വിധിച്ചത്.
സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമായ തളിപ്പറമ്പ് താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ തിമിരി എളയാട് മേമന ഹൗസില്‍ എം.കെ.പ്രദീപ്കുമാര്‍ (59), സി.പി.എം ആലക്കോട് ഏരിയാ കമ്മിറ്റിയംഗവും സഹകരണ ബാങ്ക് മുന്‍ പസിഡന്റും നിലവില്‍ ആലക്കോട് ഗ്രാമപഞ്ചായത്തംഗവുമായ തിമിരി അടുക്കം ഇടത്തിലെ വീട്ടില്‍ പി.വി.ബാബുരാജ് (52), തിമിരി കാരയാട് തെക്കിനിയില്‍ ഹൗസില്‍ ടി.വി.ബിനു എന്ന ഉടുമ്പു ബിനു, തിമിരി കൂത്തമ്പലം പനയംതട്ട പുതിയ പുരയില്‍ ഹൗസില്‍ പി.പി.സത്യന്‍ (50), തിമിരി അടുക്കം ഇടത്തിലെ വീട്ടില്‍ ഇ.വി.വിനോദ്കുമാര്‍ (52), തിമിരി എളയാട് പാലേരി വിജയന്‍(56), എളയാട് കരിപ്പാല്‍ പടിഞ്ഞാറെ വീട്ടില്‍ കെ.പി.സുരേഷ്(56), തിമിരി ചെറുപാറ കിഴക്കേവയല്‍ ഹൗസില്‍ ടോബി(44), തിമിരി കോറോത്ത് വളപ്പില്‍ ജനാര്‍ദനന്‍ (63), തിമിരി കാരയാട് മാന്‍വെട്ടുംകുന്നേല്‍ ഹൗസില്‍ ശിവപ്രസാദ് (57) എന്നിവരെയാണ് ശിക്ഷിച്ചത്.
ഇതില്‍ രണ്ടാം പ്രതി 25 വര്‍ഷം തടവ് വെവ്വേറെ അനുഭവിക്കണം. മറ്റ് പ്രതികള്‍ വിവിധ വകുപ്പുകള്‍ പ്രകാരം പരമാവധി 10 വര്‍ഷം ഒന്നിച്ച് തടവനുഭവിച്ചാല്‍ മതിയാവും.
പ്രോസിക്യൂഷന്‍ പ്രതികള്‍ക്കെതിരെ ആരോപിച്ച കുറ്റങ്ങളില്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ചുവെന്ന 326 വകുപ്പ് ഒഴികെ 307, 324, 147, 3 107 തുടങ്ങിയ വകുപ്പുകളെല്ലാം നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തി.
ഇതിന് പുറമെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചുവെന്നതിന് എക്സ്പ്ലോസീവ് ആക്ട് ആറ്, ഏഴ് വകുപ്പുകളും പ്രതികള്‍ക്കെതിരെ നിലനില്‍ക്കുമെന്നും കോടതി കണ്ടെത്തി.
എഫ്.ഐ.ആറില്‍ 12 പ്രതികളുണ്ടായിരുന്നു. അതില്‍ വി.സി.ബാബു, ആശാരി വിജയന്‍ എന്നിവരെ അന്വേഷണഘട്ടത്തില്‍ തന്നെ ഒഴിവാക്കിയിരുന്നു.
2011 നവംബര്‍ 27ന് തിമിരി ഔവര്‍ കോളേജിന് സമീപം വെച്ച് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബെറിഞ്ഞുവെന്നാണ് കേസ്.

