തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. മാർച്ച് 30 നാണ് പരീക്ഷകള്‍ അവസാനിക്കുക. ഗള്‍ഫ്മേഖലയില്‍ 633 കുട്ടികളും ലക്ഷദ്വീപില്‍ 386 പേരും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 3031 പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്. കേരളത്തില്‍ മാത്രം 4,17,497 കുട്ടികള്‍ പത്താംക്ലാസ് പരീക്ഷ എഴുതും. ഇറാൻ സംഘര്‍ഷം ഗൾഫ് മേഖലയെ ബാധിച്ചതോടെ ഗള്‍ഫിലെ വ്യാഴാഴ്ചത്തെ പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്.
മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ ഏഴിന് ആരംഭിച്ച് 28ന് പൂര്‍ത്തിയാകും. ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനുള്ള അഡീഷണല്‍ ചീഫ് എക്സാമിനര്‍മാരുടെയും നിയമന ഉത്തരവ് അടുത്ത ആഴ്ച നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മെയ് മൂന്നാംവാരത്തിനുള്ളില്‍ എസ്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം ഉണ്ടാവും.
ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ വ്യാഴാഴ്ച ആരംഭിച്ച് 27ന് അവസാനിക്കും.രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ വെള്ളിയാഴ്ച ആരംഭിച്ച് 28ന് അവസാനിക്കും.4,11,025 വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷയും 4,52,437 വിദ്യാര്‍ഥികള്‍ രണ്ടാംവര്‍ഷ പരീക്ഷയും എഴുതും. 34,122 വിദ്യാര്‍ഥികള്‍ ഒന്നാംഒന്നാംവര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതും. ഫലപ്രഖ്യാപനം മെയ് 22ന് നടത്തും.


