പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

സമ്പൂർണ്ണ ചന്ദ്രഗ്രഹണം, ദൃശ്യമാകുന്നത് അപൂർവ്വ ‘രക്തചന്ദ്രൻ’


സമ്പൂർണ്ണ ചന്ദ്രഗ്രഹണം, ദൃശ്യമാകുന്നത് അപൂർവ്വ ‘രക്തചന്ദ്രൻ’വാനനിരീക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന പൂർണ ചന്ദ്രഗ്രഹണം നാളെ നടക്കും. മാർച്ച് 3 ചൊവ്വാഴ്ച വൈകുന്നേരം പൂർണ്ണചന്ദ്രനെ ഭൂമിയുടെ നിഴൽ മൂടിത്തുടങ്ങും.

പൂർണതയിലെത്തുമ്പോൾ ചന്ദ്രൻ ചുവപ്പും ഓറഞ്ചും കലർന്ന നിറത്തിൽ, ‘രക്തചന്ദ്രൻ’ ആയി ദൃശ്യമാകും. അടുത്ത സമാന ദൃശ്യം കാണാൻ 2029 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് നിരീക്ഷണം.

ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഉച്ചയ്ക്ക് 2.14-ന് ഗ്രഹണം ആരംഭിക്കും. അതിനാൽ തുടക്കഘട്ടം ഇന്ത്യയിൽ നിന്ന് കാണാനാവില്ല. വൈകിട്ട് 3.20-ഓടെ ഭാഗിക ഗ്രഹണം തുടങ്ങും. 4.34-ന് പൂർണഗ്രഹണ ഘട്ടത്തിലേക്ക് കടക്കും.

ഈ സമയത്താണ് ചന്ദ്രൻ രക്തനിറത്തിൽ കാണപ്പെടുക. ഗ്രഹണം വൈകിട്ട് 6.47 മുതൽ 7.53 വരെ അവസാനിക്കുമെന്ന് കണക്കാക്കുന്നു. സൂര്യാസ്തമയത്തോട് ചേർന്ന്, ഏകദേശം 6.20 മുതൽ പല ഭാഗങ്ങളിലും ഗ്രഹണം കാണാൻ സാധിക്കും.

ചന്ദ്രഗ്രഹണം കാണാൻ പ്രത്യേക ഉപകരണങ്ങൾ ആവശ്യമില്ല. നഗ്നനേത്രങ്ങൾ കൊണ്ട് സുരക്ഷിതമായി നിരീക്ഷിക്കാം. എങ്കിലും ബൈനോക്കുലറുകളോ ദൂരദർശിനിയോ ഉപയോഗിച്ചാൽ കൂടുതൽ വ്യക്തതയോടെ ദൃശ്യം ആസ്വദിക്കാം.

എന്താണ് ചന്ദ്രഗ്രഹണം?

സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതാണ് ചന്ദ്രഗ്രഹണം. ഭാഗിക ഗ്രഹണത്തിൽ ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ നിഴലിൽ മറയുകയുള്ളു.എന്നാൽ സമ്പൂർണ ചന്ദ്രഗ്രഹണത്തിൽ സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവ നേർരേഖയിൽ എത്തി, ഭൂമിയുടെ നിഴലിലെ ഏറ്റവും ഇരുണ്ട ഭാഗമായ ‘അംബ്ര’ ചന്ദ്രനെ പൂർണ്ണമായി മൂടുന്നു.

ഇത്തരം ഘട്ടത്തിൽ ചന്ദ്രൻ പൂർണ്ണമായി ഇരുണ്ടതായി തോന്നാതെ, ഭൂമിയുടെ അന്തരീക്ഷത്തിലൂടെ ചിതറിച്ചെല്ലുന്ന സൂര്യപ്രകാശം കാരണം ചുവപ്പും ഓറഞ്ചും കലർന്ന നിറത്തിൽ പ്രത്യക്ഷപ്പെടും.

‘രക്തചന്ദ്രൻ’ ആയി കാണുന്നതെന്തുകൊണ്ട്?

സമ്പൂർണ ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തിലൂടെയാണ് സൂര്യപ്രകാശം ചന്ദ്രനിലേക്കെത്തുന്നത്. അന്തരീക്ഷത്തിൽ പ്രകീർണനമുണ്ടാകുന്നതിനാൽ പച്ച മുതൽ വയലറ്റ് വരെയുള്ള കുറഞ്ഞ തരംഗദൈർഘ്യമുള്ള കിരണങ്ങൾ ചിതറിപ്പോകും.

കൂടുതലുള്ള തരംഗദൈർഘ്യമുള്ള ചുവപ്പ്, ഓറഞ്ച് നിറങ്ങൾ മാത്രം ചന്ദ്രനിലേക്കെത്തുന്നതിനാലാണ് ചന്ദ്രൻ രക്തചന്ദ്രനായി കാണപ്പെടുന്നത്. ഇത് സാധാരണ സൂര്യോദയവും സൂര്യാസ്തമയവും സമയത്ത് കാണുന്ന ചുവന്ന ആകാശനിറത്തോട് സാമ്യമുള്ളതാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.