കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു. വടക്കൻ കേരളത്തിൽ വേനൽ മഴയിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. മലപ്പുറം എടവണ്ണയിൽ മിന്നലേറ്റയാൾ മരിച്ചു. പാലപ്പറ്റ സ്വദേശി കാരി (65) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെ മിന്നലേൽക്കുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. മാവൂരിൽ കനത്ത മഴയിൽ വീട് തകർന്നു. കൊയിലാണ്ടിയിൽ മരക്കൊമ്പ് പൊട്ടിവീണ് ബെെക്ക് യാത്രക്കാരന് പരിക്കേറ്റു. എൽഐസി ജീവനക്കാരനായ ആദർശിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നഗരം, നാദാപുരം, കുറ്റ്യാടി തുടങ്ങിയ ഇടങ്ങളിലും കണ്ണൂർ, തലശേരി, തളിപ്പറമ്പ്, ഇരിട്ടി, ആലക്കോട് തുടങ്ങിയ മലയോര മേഖലയിലും ശക്തമായ മഴ ലഭിച്ചു. കൂത്തുപറമ്പ് പരശൂരിൽ വീടിന്റെ മേൽക്കൂര തകർന്നു. പലയിടത്തും വെെദ്യുതി തടസപ്പെട്ടിരിക്കുകയാണ്.
ചിറ്റാരിപ്പറമ്പിൽ കടയുടെ മേൽക്കൂര പറന്നുപോയി. കൂടാതെ ഇവിടുത്തെ ജിംനേഷ്യത്തിന്റെ മേൽക്കൂര തകർന്നുവീണ് വൻ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്ന് വീടുകൾക്ക് മുകളിൽ തെങ്ങ് വീണു. നൊടുപൊയിൽ ടൗണിന് സമീപം റോഡിൽ മരം കടപുഴകി ഗതാഗതം സതംഭിച്ചു.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (29/03/2026) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ ഒന്ന് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്.

