പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിൽ തുടർച്ചയായി അറ്റകുറ്റപ്പണികൾ നടന്നിട്ടും തകരാറുകൾ പരിഹരിക്കാൻ സാധിക്കാത്തതിനാൽ യാത്രാദുരിതം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 8 വർഷത്തിനിടയിൽ ഒട്ടേറെ തവണ അടച്ചിട്ട് പണി നടത്തിയിട്ടും പ്രശ്നം ഗുരുതരമായി തുടരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാലം വീണ്ടും പ്രചാരണ വിഷയമായി മാറിയിട്ടുണ്ട്. ഫെബ്രുവരി 5ന് തുടങ്ങിയ അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ ഇനിയും രണ്ടാഴ്ചയിലധികം എടുക്കുമെന്നാണ് സൂചന.
പാപ്പിനിശ്ശേരി-പിലാത്തറ റോഡിൽ ഈ മേൽപാലം അടഞ്ഞുകിടക്കുന്നതിനാൽ ബദൽ റോഡുകളിലൂടെയാണ് ഗതാഗതം നടക്കുന്നത്. സമീപകാലത്ത് സംസ്ഥാന മരാമത്ത് വിഭാഗം ചീഫ് എൻജിനീയർ സ്ഥലത്തെത്തി പരിശോധന നടത്തുകയും തകരാറുകൾ പരിഹരിക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഇരുമ്പുകമ്പികൾ മാറ്റി പുതിയവ സ്ഥാപിക്കുകയും മൈക്രോ കോൺക്രീറ്റ് ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും വിദഗ്ധ തൊഴിലാളികൾ ചെയ്യേണ്ട ജോലിയാണെന്നും സമയമെടുക്കുമെന്നും അധികൃതർ പറയുന്നു. ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പാലം വേഗത്തിൽ തുറന്നുകൊടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ തവണത്തെ പരിശോധനയിൽ എക്സ്പാൻഷൻ ജോയിന്റ്, വിവിധ സ്പാനുകൾ, അടിഭാഗം എന്നിവിടങ്ങളിലെ തകരാറുകൾ കണ്ടെത്തിയിരുന്നു. നാട്ടുകാർ അടിയന്തരമായി പാലം തുറന്നുകൊടുക്കണമെന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്.


