പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പാപ്പിനിശ്ശേരി ഓവര്‍ബ്രിഡ്ജ് തുറക്കാൻ ഇനി വൈകില്ല; അറ്റകുറ്റ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നു ഏപ്രില്‍ അഞ്ചിന് മുമ്പ് തുറക്കാൻ ആലോചന

 



ഗുരുതരമായ അപാകതകള്‍ കണ്ടെത്തിയ പാപ്പിനിശ്ശേരി ഓവർ ബ്രിഡ്ജ് പ്രവൃത്തികള്‍ പൂർത്തീകരിച്ച്‌ ഏപ്രില്‍ അഞ്ചിന് മുമ്പേ തുറക്കാൻ സാധിക്കുമെന്ന് അധികൃതർ സൂചന നല്കി. കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് പാപ്പിനിശ്ശേരി, താവം ഓവർ ബ്രിഡ്ജുകള്‍ അടച്ചിട്ട് അറ്റകുറ്റപ്രവൃത്തി ആരംഭിച്ചത്.

എന്നാല്‍ പ്രവൃത്തി ആരംഭിച്ചപ്പോഴാണ് പാലത്തിലെ അപാകതകള്‍ ഗുരുതരമാണെന്ന് കണ്ടെത്തിയത്.

കണ്ടെത്തിയ അപാകതകള്‍ നിലവിലുള്ള എൻജിനീയർമാരുടെ അധികാര പരിധിയില്‍ നില്‍ക്കുന്നതല്ലെന്നാണ് കണ്ടെത്തിയത്. എം.എല്‍.എ. കെ.വി. സുമേഷ് ഇടപെട്ട് തിരുവനന്തപുരത്തു നിന്നും പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ സ്ഥലത്തെത്തി ഇരുപാലങ്ങളും പരിശോധിച്ചു.

പാപ്പിനിശ്ശേരി ഓവർ ബ്രിഡ്ജിലെ എക്സ്പാൻഷൻ ജോയിന്റുകള്‍ക്ക് വിള്ളല്‍ കണ്ടെത്തിയതിനെ തുടർന്ന് അവിടം പൊളിച്ചു പരിശോധിക്കാൻ അദ്ദേഹം നിർദ്ദേശം നല്‍കി. അപ്രകാരം പൊളിച്ചുനോക്കിയപ്പോഴാണ് പരിഹരിക്കാൻ കൂടുതല്‍ സമയം ആവശ്യമായിവന്നത്. അതോടെ മാർച്ച്‌ 5 ന് തുറക്കുമെന്ന് പറഞ്ഞ പാലം തുറക്കാൻ നിർവാഹമില്ലെന്ന് അധികൃതർ തന്നെ വെളിപ്പെടുത്തി. എന്നാല്‍ കൃത്യസമയത്തു തന്നെ താവം മേല്‍പ്പാലം പ്രവൃത്തി പൂർത്തിയാക്കി തുറന്നു കൊടുക്കുവാൻ സാധിച്ചു.


എക്സ്പാൻഷൻ ജോയിന്റുകള്‍ പുതുക്കിപ്പണിതു

ചീഫ് എൻജിനീയറുടെ നിർദ്ദേശപ്രകാരം പാലത്തിലെ എക്സ്പാൻഷൻ ജോയിന്റുകള്‍ പൊളിച്ചുനീക്കി പുതുക്കിപ്പണിതു കഴിഞ്ഞു. പാലത്തിലെ പടിഞ്ഞാറുഭാഗത്തെ (കാട്ടിലെപള്ളി ഭാഗം ) കോണ്‍ക്രീറ്റ് പാളികള്‍ നീക്കം ചെയ്ത് മൈക്രോ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നടത്തി. കിഴക്കു ഭാഗത്തെ പ്രവൃത്തികളും ഏതാണ്ട് പൂർത്തിയായി. മറ്റ് ഭാഗത്തെ അപേക്ഷിച്ച്‌ അവിടെ കൂടുതല്‍ തകരാറുകള്‍ കണ്ടെത്തിയിരുന്നില്ല.


12,000 ചാക്ക് മൈക്രോ കോണ്‍ക്രീറ്റ്

ഏതാണ്ട് 12,000 ചാക്ക് മൈക്രോ കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് പ്രവൃത്തികള്‍ നടത്തിയതെന്നാണ് അറിയുന്നത്. 25 കിലോ മാത്രം തൂക്കമുള്ള ചാക്കുകളിലാണ് മൈക്രോ കോണ്‍ക്രീറ്റ് ലഭിക്കുന്നത്. 890 രൂപ വില മതിക്കുന്നതാണ് ഒരു ചാക്ക് മൈക്രോ കോണ്‍ക്രീറ്റ്. ഇതില്‍ 12.5 കിലോ മാത്രമേ ജില്ലിയും മറ്റും ഉപയോഗിക്കാൻ സാധിക്കൂ.


അനുവദിച്ചത് 18 കോടി

ഇരുപാലങ്ങളുടെയും അറ്റകുറ്റപ്രവൃത്തികള്‍ക്കായി 18 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. പ്രത്യേകം എസ്റ്റിമേറ്റ് ഇല്ലാതെയായിരുന്നു പ്രവൃത്തി ആരംഭിച്ചത്. മട്ടന്നൂർ ആസ്ഥാനമായുള്ള കെ.എം.ടി. കമ്പനിക്കായിരുന്നു നിർമ്മാണ ചുമതല. പ്രതീക്ഷിച്ചതിലും കൂടുതല്‍ പ്രവൃത്തിയാണ് പാലങ്ങളില്‍ നടന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.