ഇൻ്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ ഇൻസ്റ്റാഗ്രാം റീല്‍സുകള്‍ കാണാനുള്ള സൗകര്യമാണ് കമ്പനി പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. റേഞ്ച് കുറഞ്ഞ സ്ഥലങ്ങളിലും യാത്രകളിലും റീല്‍സ് കാണാൻ കഴിയാത്ത അവസ്ഥയ്ക്ക് ഇതോടെ പരിഹാരമാകും.
ഇൻ്റർനെറ്റ് ഉള്ളപ്പോള്‍ റീല്‍സുകള്‍ തനിയെ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടും. ഇതിനായി ‘മാനേജ് ഓഫ്‌ലൈൻ ഡൗണ്‍ലോഡ്‌സ്’ എന്ന പുതിയ സെറ്റിംഗ്സ് ഇൻസ്റ്റാഗ്രാമില്‍ ഉള്‍പ്പെടുത്തിയേക്കും.വൈഫൈ ഉള്ളപ്പോള്‍ മാത്രം ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷനും ഇതിലുണ്ടാകും. കൂടാതെ, എത്ര റീല്‍സുകള്‍ ഓഫ്‌ലൈനായി സൂക്ഷിക്കണമെന്ന് ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാം.
10, 30, അല്ലെങ്കില്‍ 50 റീല്‍സുകള്‍ വരെ ഇങ്ങനെ സേവ് ചെയ്യാൻ സാധിക്കുമെന്നാണ് സൂചന.ഓഫ്‌ലൈൻ റീല്‍സുകള്‍ സാധാരണ ഫീഡിലോ അല്ലെങ്കില്‍ ഡൗണ്‍ലോഡ്സ് എന്ന പ്രത്യേക വിഭാഗത്തിലോ കാണാൻ സാധിക്കും. പ്രശസ്ത ആപ്പ് ഡെവലപ്പറായ അലസ്സാൻഡ്രോ പാലുസിയാണ് എക്സിലൂടെ (X) ഈ വിവരം പുറത്തുവിട്ടത്.
നിലവില്‍ ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്, മെറ്റ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതിനു പുറമെ, മറ്റ് ചില സുപ്രധാന സാങ്കേതിക മാറ്റങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഫോണ്‍ നമ്പർ കൈമാറാതെ തന്നെ ചാറ്റ് ചെയ്യാനുള്ള സൗകര്യം വാട്ട്‌സ്‌ആപ്പ് ഉടൻ കൊണ്ടുവന്നേക്കാം. വൻ തരംഗമുണ്ടാക്കിയ സോറ എഐ വീഡിയോ ആപ്പ് നിർത്തലാക്കാൻ ഓപ്പണ്‍ എഐ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്.

