പണം പിൻവലിക്കൽ സംവിധാനങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി ചില പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്രതിദിന പിൻവലിക്കൽ പരിധിയിൽ കുറവ് വരുത്താനുള്ള സാധ്യതയും, യുപിഐ അടിസ്ഥാനമാക്കിയുള്ള പിൻവലിക്കൽ ഇടപാടുകൾ സൗജന്യ എടിഎം ഇടപാടുകളുടെ പരിധിയിൽ ഉൾപ്പെടുത്തുന്നതുമാണ് പ്രധാന മാറ്റങ്ങൾ.
എച്ച്ഡിഎഫ്സി ബാങ്ക്
യുപിഐ ആപ്പ് ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്ത് എടിഎമ്മിൽ നിന്ന് കാർഡ് ഇല്ലാതെ പണം പിൻവലിക്കുന്ന സൗകര്യം ഇപ്പോൾ മാസത്തിലെ സൗജന്യ ഇടപാടുകളുടെ പരിധിയിൽ ഉൾപ്പെടും. ഈ പരിധി കവിച്ചാൽ ഓരോ ഇടപാടിനും 23 രൂപയും ജിഎസ്ടിയും ഫീസായി ഈടാക്കും. നിലവിൽ സേവിംഗ്സ്, സാലറി അക്കൗണ്ട് ഉടമകൾക്ക് സ്വന്തം ബാങ്ക് എടിഎമ്മുകളിൽ അഞ്ച് സൗജന്യ ഇടപാടുകളും, മറ്റ് ബാങ്ക് എടിഎമ്മുകളിൽ മെട്രോ നഗരങ്ങളിൽ മൂന്ന്, മറ്റ് സ്ഥലങ്ങളിൽ അഞ്ച് സൗജന്യ ഇടപാടുകളും ലഭ്യമാണ്.
പഞ്ചാബ് നാഷണൽ ബാങ്ക്
ചില ഡെബിറ്റ് കാർഡുകൾക്ക് എടിഎം വഴി ദിവസേന പിൻവലിക്കാവുന്ന തുകയുടെ പരിധി കുറച്ചു. മുമ്പ് ഒരു ലക്ഷം രൂപ വരെ പിൻവലിക്കാൻ കഴിഞ്ഞിരുന്നിടത്ത്, ഇപ്പോൾ അത് 50,000 മുതൽ 75,000 രൂപ വരെയായി ചുരുക്കിയിട്ടുണ്ട്. ഇത് കാർഡിന്റെ തരം അനുസരിച്ചായിരിക്കും ബാധകം. വലിയ ഇടപാടുകൾക്കായി യുപിഐ, നെറ്റ് ബാങ്കിംഗ് പോലുള്ള ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിക്കാൻ ഉപഭോക്താക്കളോട് ബാങ്ക് നിർദേശിച്ചു.
ബന്ധൻ ബാങ്ക്
മാസത്തിലെ സൗജന്യ എടിഎം ഇടപാടുകളുടെ എണ്ണം പുതുക്കി. സ്വന്തം ബാങ്ക് എടിഎമ്മുകളിൽ അഞ്ച് സൗജന്യ ഇടപാടുകളും, മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ മെട്രോ നഗരങ്ങളിൽ മൂന്ന്, മറ്റ് നഗരങ്ങളിൽ അഞ്ച് സൗജന്യ ഇടപാടുകളും അനുവദിക്കും. ഇതിനു ശേഷം ഓരോ ഇടപാടിനും 23 രൂപ ഫീസ് ഈടാക്കും. പണമല്ലാത്ത ഇടപാടുകൾക്ക് പരിധിയില്ല.
ജിയോ പേയ്മെന്റ് ബാങ്ക്
ബാങ്കിംഗ് പോയിന്റുകൾ വഴി മൊബൈൽ ആപ്പ് ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം പിൻവലിക്കുന്ന സൗകര്യം ലഭ്യമാക്കി.

