മാടായി തിരുവർക്കാട്ട് കാവിലെ പൂരോത്സവത്തിൻ്റെ ഭാഗമായുള്ള തിടമ്പെഴുന്നള്ളത്ത് കാണാൻ ഭക്തജനങ്ങളുടെ വലിയ പ്രവാഹമാണ് അനുഭവപ്പെടുന്നത്. പുലർച്ചെ നടക്കുന്ന വിവിധ പൂജകൾക്കും ചടങ്ങുകൾക്കും ശേഷം, പ്രത്യേകം തയ്യാറാക്കിയ തീപ്പന്തങ്ങളുടെയും കൈവിളക്കുകളുടെയും വെളിച്ചത്തിൽ ദേവിയുടെയും പരിവാരങ്ങളുടെയും എഴുന്നള്ളത്ത് തെക്കിനാക്കൽ കോട്ടയിലേക്ക് നടക്കും. അവിടെ പ്രത്യേക പൂജകൾ, പൂരക്കളി, വാൾപയറ്റ്, അപ്പനിവേദ്യം എന്നിവയുണ്ടാകും. പിന്നീട് കാവിലേക്ക് തിരിച്ചെഴുന്നള്ളുന്നതിനെ കാണാൻ ജാതിമതഭേദമന്യേ നിരവധി ആളുകൾ വഴിയോരങ്ങളിൽ തടിച്ചുകൂടും. മാടായിക്കാവിലെത്തിയ ശേഷം ഭക്തർക്ക് ദർശനം നൽകി ശ്രീകോവിലിലേക്ക് പ്രവേശിക്കുന്ന തിടമ്പേറ്റുന്നത് ക്ഷേത്രം മൂത്ത പിടാരർ ഉണ്ണിക്കൃഷ്ണനാണ്. ഈമാസം 31ന് നടക്കുന്ന പൂജകൾക്ക് ശേഷം രാവിലെ 8 മണിയോടെ എഴുന്നള്ളത്ത് വടുകുന്ദ ശിവക്ഷേത്രത്തിലെത്തിച്ചേരും, തുടർന്ന് 8.30ന് പ്രസിദ്ധമായ വടുകുന്ദ തടാകത്തിൽ പൂരം കുളി നടക്കും.

