രാജ്യത്ത് നിലവിൽ 33 കോടിയിലധികം എൽപിജി ഉപഭോക്താക്കളുണ്ടെന്നും അവരുടെ ഗ്യാസ് കണക്ഷൻ വിവരങ്ങൾ ശരിവെക്കുന്നതിനാണ് ഇ-കെവൈസി നിർബന്ധമാക്കിയതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഗ്യാസ് ഏജൻസികളിൽ നേരിട്ട് പോകാതെ തന്നെ ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്പിലൂടെ വീട്ടിൽ നിന്നുതന്നെ ഇ-കെവൈസി നടപടികൾ പൂർത്തിയാക്കാൻ കഴിയും. അതേസമയം രാജ്യത്തെ 10.51 കോടി വരുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കും ഇ-കെവൈസി നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
എന്നാൽ ഇ-കെവൈസി പൂർത്തിയാക്കാത്തതിനാൽ ഗ്യാസ് സിലിണ്ടർ വിതരണം ഉടൻ നിർത്തിവെക്കില്ല. ഒരു സാമ്പത്തിക വർഷത്തിൽ ഏഴ് സിലിണ്ടറുകൾ വരെ കെവൈസി ഇല്ലാതെ ലഭിക്കും. എന്നാൽ അതിൽ കൂടുതൽ സിലിണ്ടറുകൾ ആവശ്യമായ ഉജ്ജ്വല ഗുണഭോക്താക്കൾ നിർബന്ധമായും ബയോമെട്രിക് ഇ-കെവൈസി പൂർത്തിയാക്കണം. ഗ്യാസ് സബ്‌സിഡി തടസ്സമില്ലാതെ ലഭിക്കാൻ വർഷത്തിൽ ഒരിക്കൽ എങ്കിലും ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഇ-കെവൈസി ചെയ്യേണ്ട വിധം:
• നിങ്ങളുടെ ഗ്യാസ് കണക്ഷൻ ഏത് കമ്പനിയുടേതാണോ അതിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
• പ്ലേ സ്റ്റോറിൽ നിന്ന് Aadhaar FaceRD ആപ്പും ഇൻസ്റ്റാൾ ചെയ്യുക
• ഗ്യാസ് കമ്പനി ആപ്പിൽ ലോഗിൻ ചെയ്ത് e-KYC ഓപ്ഷൻ തിരഞ്ഞെടുക്കുക
• ആധാർ നമ്പർ നൽകി ക്യാമറ വഴി മുഖം സ്കാൻ ചെയ്യുക
• പരിശോധന പൂർത്തിയായാൽ ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്യപ്പെടും


