തൃശ്ശൂർ: വർഷങ്ങളായുള്ള കുടുംബ വഴക്കിനെത്തുടർന്ന് തൃശ്ശൂർ ഒല്ലൂരിൽ അയൽവാസിയായ യുവതിയെ 63 വയസ്സുകാരൻ കുത്തി ജീവനെടുത്തൂ. ഒല്ലൂർ സ്വദേശിനി സൗമ്യ (45) ആണ് ദാരുണമായി മരണപ്പെട്ടത്. സംഭവത്തിന് പിന്നാലെ കിണറ്റിൽ ചാടിയ പ്രതിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച്ച രാത്രി 7 മണിയോടെയാണ് ക്രൂരമായ കൃത്യം നടന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സൗമ്യ, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് തോമസ് വീടിന് സമീപത്ത് വെച്ച് കുത്തിയത്. സൗമ്യയുടെ കരച്ചിൽ കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തിയെങ്കിലും പ്രതി അക്രമാസക്തനായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സൗമ്യയെ ഉടൻ തന്നെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃത്യം നടത്തിയതിന് പിന്നാലെ പ്രതി തോമസ് സമീപത്തെ കിണറ്റിൽ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘമാണ് ഇയാളെ പുറത്തെടുത്തത്.
മരണപ്പെട്ട സൗമ്യയുടെയും പ്രതി തോമസിന്റെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി തർക്കം നിലനിന്നിരുന്നു. ഈ മുൻവൈരാഗ്യമാണ് ഇതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിവാഹമോചിതയായ സൗമ്യ തന്റെ കുടുംബത്തിന്റെ അത്താണിയായിരുന്നു.


