ബെംഗളൂരു: കാമുകനെ സുഹൃത്തായ യുവതിക്കൊപ്പം കണ്ടെത്തിയതിന് പിന്നാലെ വീട്ടമ്മ ജീവനൊടുക്കി. ബെംഗളൂരു കാമാക്ഷിപാളയയില്‍ താമസിക്കുന്ന 38-കാരിയാണ് അഗ്രഹാര ദസറഹള്ളിയിലെ ഹോട്ടല്‍മുറിയില്‍ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
അയല്‍ക്കാരനായ കാമുകനെയും തന്റെ സുഹൃത്തായ യുവതിയെയും ദസറഹള്ളിയിലെ ഒരു ഹോട്ടല്‍മുറിയില്‍വെച്ച് വീട്ടമ്മ കണ്ടിരുന്നു. ഇരുവരെയും കൈയോടെ പിടികൂടാനായി പ്രദേശത്തെ മറ്റൊരു ഹോട്ടലില്‍ ഇവര്‍ മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും സമീപത്തെ ഹോട്ടലില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് താമസിക്കുന്ന മുറിയില്‍ തിരികെയെത്തി വീട്ടമ്മ തൂങ്ങിമരിച്ചതെന്ന് പോലീസ് പറഞ്ഞു.
ഭര്‍ത്താവിനും രണ്ടുപെണ്‍മക്കള്‍ക്കും ഒപ്പമാണ് 38-കാരി കാമാക്ഷിപാളയയില്‍ താമസിക്കുന്നത്. ഇതിനിടെ ഓഡിറ്ററായി ജോലിചെയ്യുന്ന അയല്‍ക്കാരനുമായി അടുപ്പത്തിലായി. ഇയാളും വിവാഹിതനാണ്. വര്‍ഷങ്ങളായി ഇരുവരും തമ്മിലുള്ള രഹസ്യബന്ധം തുടര്‍ന്നു. എന്നാല്‍, മാസങ്ങള്‍ക്ക് മുന്‍പ് 38-കാരി തന്റെ സുഹൃത്തായ ഒരു യുവതിയെ കാമുകന് പരിചയപ്പെടുത്തി നല്‍കി.
പിന്നാലെ ഈ യുവതിയും വീട്ടമ്മയുടെ കാമുകനും തമ്മില്‍ അടുപ്പത്തിലായി. ഇക്കാര്യം വീട്ടമ്മയറിഞ്ഞു. വ്യാഴാഴ്ച കാമുകനും തന്റെ സുഹൃത്തും ദസറഹള്ളിയിലെ ഹോട്ടലില്‍ മുറിയെടുത്തിട്ടുണ്ടെന്ന് വീട്ടമ്മയ്ക്ക് വിവരംലഭിച്ചിരുന്നു. ഇതോടെ വീട്ടമ്മ ഇവരുടെ ഹോട്ടലിന്റെ എതിര്‍വശത്തുള്ള മറ്റൊരു ഹോട്ടലിലെത്തി മുറിയെടുത്തു. തുടര്‍ന്ന് രണ്ടുപേരും ഹോട്ടൽ മുറിയിലുണ്ടെന്ന് ഉറപ്പിച്ചതോടെ വീട്ടമ്മ അവിടേക്കെത്തി.
ഏറേനേരം വാതിലില്‍ മുട്ടി വിളിച്ചെങ്കിലും കാമുകന്‍ വാതില്‍ തുറക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ 38-കാരി ബഹളംവെച്ചു. തുടര്‍ന്ന് കാമുകന്‍ ഹോട്ടല്‍ ജീവനക്കാരെ പരാതി അറിയിച്ചതോടെ ഇവര്‍ 38-കാരിയെ പറഞ്ഞുവിട്ടു. തൊട്ടുപിന്നാലെയാണ് വീട്ടമ്മ താമസിച്ചിരുന്ന മുറിയിലെത്തി ജീവനൊടുക്കിയത്. കാമുകന്‍ തന്നെയാണ് വീട്ടമ്മയെ ജീവനൊടുക്കിയനിലയില്‍ ആദ്യം കണ്ടതെന്ന് പോലീസ് പറഞ്ഞു. ബഹളംവെച്ച് മടങ്ങിയ വീട്ടമ്മയെ തേടിയാണ് ഏറെനേരം കഴിഞ്ഞ് കാമുകനെത്തിയത്. തുടര്‍ന്നാണ് 38-കാരിയെ മരിച്ചനിലയില്‍ കണ്ടത്.
സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമികാന്വേഷണത്തില്‍ പോലീസിന്റെ കണ്ടെത്തല്‍. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. ഓഡിറ്ററായ കാമുകനെ ചോദ്യംചെയ്ത് വിട്ടയച്ചതായും എപ്പോള്‍ വിളിച്ചാലും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.



