പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരിൽ 6 മലയാളികൾ, 21 പേർക്ക് കാഴ്‌ച നഷ്‌ടമായി

 


കുവൈത്തിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരിൽ ആറുപേർ മലയാളികളെന്ന് സൂചന. മരിച്ചവരിൽ കണ്ണൂർ സ്വദേശി സച്ചിനുണ്ടെന്ന് എംബസി അധികൃതർ നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ മറ്റുള്ള അഞ്ചുപേരുടെ പേരുവിവരങ്ങൾ ഇതുവരേക്കും വെളിപ്പെടുത്തിയിട്ടില്ല. 63 പേരാണ് വിഷമദ്യം കഴിച്ച് അവശനിലയിൽ ആയതിനെ തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടിയത്. ഇവരിൽ നാൽപതോളം പേർ ഇന്ത്യക്കാരാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.


ചികിൽസയിൽ ഉള്ളവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. മലയാളികൾ ഉൾപ്പടെ പത്ത് ഇന്ത്യക്കാർ മരിച്ചെന്നും അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. ജിലീബ് അൽ ഷുയൂഖ് ബ്ലോക്ക് നാലിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ച അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലുള്ളവരാണ് ദുരന്തത്തിനിരയായത്. മദ്യനിരോധനമുള്ള കുവൈത്തിൽ അനധികൃതമായി മദ്യം നിർമിച്ച് വിൽപന നടത്തിയ സംഭവത്തിൽ രണ്ട് ഏഷ്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. അനധികൃത മദ്യവിൽപന നടത്തുന്നവരുടെ വിവരങ്ങളും അധികൃതർ ശേഖരിക്കുന്നുണ്ട്.


കണ്ണൂർ ഇരിണാവ് സിആർസിക്ക് സമീപം പൊങ്കാരൻ മോഹനന്റെയും ഗിരിജയുടെയും മകനായ സച്ചിൻ മരിച്ച വിവരം എംബസി അധികൃതരാണ് കുടുംബത്തെ അറിയിച്ചത്. ഏതാനും മാസം മുൻപാണ് സച്ചിൻ നാട്ടിൽ വന്നു മടങ്ങിയത്. മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. ദുരന്തത്തിൽപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ നാട്ടിലുള്ളവർക്കായി ഇന്ത്യൻ എംബസി ഹെൽപ് ലൈൻ ക്രമീകരിച്ചിട്ടുണ്ട്. 

965 65501587 എന്ന നമ്പറിൽ വാട്‌സാപ്പിലോ അല്ലെങ്കിൽ നേരിട്ടോ വിളിക്കാം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.