പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ജലസ്രോതസ്സുകളില്‍ കോഴി, അറവ് മാലിന്യം തള്ളുന്നില്ലെന്ന് ഉറപ്പാക്കണം: ഡിപിസി

 


ജലസ്രോതസ്സുകളില്‍ കോഴി, അറവ് മാലിന്യം ഉള്‍പ്പെടെ തള്ളുന്നില്ലെന്ന് ഉറപ്പാക്കാൻ കര്‍ശന പരിശോധനകള്‍ നടത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.


കോഴിമാലിന്യം റെൻഡറിംഗ് പ്ലാൻറുകള്‍ക്ക് നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ നിര്‍ദേശിച്ചു. തെരുവുനായ്ക്കളുടെ നിയന്ത്രണത്തില്‍ വന്ധ്യംകരണത്തെ പോലെ പ്രധാനമാണ് പൊതുഇടങ്ങളിലെ കോഴി, അറവ് മാലിന്യം തള്ളാതിരിക്കുന്നതും.


ഡിസ്‌പോസ്ബിള്‍ ഗ്ലാസ്, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് എന്നിവ ഓഡിറ്റോറിയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ് അഭികാമ്യം. ഹരിത പെരുമാറ്റച്ചടം പാലിച്ചുള്ള കല്യാണങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രോത്സാഹിപ്പിക്കുന്നത് പഞ്ചായത്തുകള്‍ തുടരണമെന്നും കലക്ടര്‍ പറഞ്ഞു. മാലിന്യ നിര്‍മ്മാര്‍ജനത്തിനും എബിസി പദ്ധതിക്കും എല്ലാ തദ്ദേശ സ്ഥാപനങ്ങളും പദ്ധതി വെക്കണമെന്ന് ഡിപിസി ചെയര്‍പേഴ്‌സനായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ പറഞ്ഞു. എബിസി പദ്ധതിക്ക് പണം വെക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക റിവിഷൻ അനുവദിക്കും. എബിസി പദ്ധതി പ്രകാരം നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിനായി ഒരു മാസത്തെ ഷെഡ്യൂള്‍ തയ്യാറാക്കാൻ യോഗം തീരുമാനിച്ചു.


എല്ലാ തദ്ദേശ സ്ഥാപനങ്ങളും എബിസി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രാദേശിക സമിതി രൂപീകരിക്കണമെന്ന് തെരുവുനായ ശല്യം സംബന്ധിച്ച കര്‍മ്മപദ്ധതി അവതരിപ്പിച്ച തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടര്‍ ടിജെ അരുണ്‍ അറിയിച്ചു. ഓരോ പ്രദേശത്തെയും അപകടകാരികളായ നായ്ക്കളെ പിടികൂടി പാര്‍പ്പിക്കുന്നതിനായി താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ സ്ഥാപിക്കണം. എബിസി പദ്ധതി സംബന്ധിച്ച്‌ ബോധവത്കരണം നടത്തണം.


ജില്ലാ പഞ്ചായത്തിന്റെയും ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെയും സ്പില്‍ ഓവര്‍ പ്രൊജക്ടുകള്‍ ഉള്‍പ്പെടുത്തി പരിഷ്‌ക്കരിച്ച 2023-24 വാര്‍ഷിക പദ്ധതിക്ക് യോഗം അംഗീകാരം നല്‍കി. ഇതോടെ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരമായി.


മാലിന്യ നിര്‍മാര്‍ജനം, സംസ്‌കരണം പുരോഗതി ശുചിത്വമിഷൻ കോ ഓര്‍ഡിനേറ്റര്‍ അവതരിപ്പിച്ചു. അമൃത്-1 പദ്ധതി പ്രകാരമുള്ള കണ്ണൂര്‍ കോര്‍പറേഷന്റെ ജിഐഎസ് അധിഷ്ഠിത കരട് മാസ്റ്റര്‍ പ്ലാൻ ഡിപിസിയുടെ അംഗീകാരത്തിനായി യോഗത്തില്‍ സമര്‍പ്പിച്ചു. ഇത് പരിശോധിച്ച്‌ അംഗീകാരം നല്‍കുന്നതിനായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറിന്റെ നേതൃത്വത്തിലുള്ള ഒരു സമിതി രൂപീകരിച്ചു. പകര്‍ച്ചവ്യാധികളുടെ നിയന്ത്രണം സംബന്ധിച്ച്‌ ഡെപ്യൂട്ടി ഡിഎംഒ ഡോ. എംപി ജീജ വിശദീകരിച്ചു. ജൂണ്‍ 30ന് വിരമിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക്കിന് യോഗം യാത്രയയപ്പ് നല്‍കി.


യോഗത്തില്‍ ഡിപിസി അംഗങ്ങളായ അഡ്വ. ടിഒ മോഹനൻ, അഡ്വ. ടി സരള, ഇ വിജയൻ, ലിസി ജോസഫ്, കെ ഗോവിന്ദൻ, കെ താഹിറ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ടി രാജേഷ് എന്നിവര്‍ സംബന്ധിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.