കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല സ്‌ഥിരീകരിച്ചു. പെരുമണ്ണയിൽ രണ്ടരയും മൂന്നും വയസായ കുട്ടികൾക്കാണ് രോഗബാധയുള്ളത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
മലിന ജലത്തിലൂടെ ബാക്‌ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതാണ് ഷിഗെല്ലക്ക് കാരണം. കഠിനമായ പനി, ഛർദി, വയറിളക്കം, വയറുവേദന എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗവ്യാപനം തടയാനായി ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക. കൂടാതെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും, കൈകൾ വൃത്തിയായി സൂക്ഷിക്കാനും, ഭക്ഷണസാധനങ്ങൾ അടച്ചു വെക്കാനും ശ്രദ്ധിക്കുക.
അതേസമയം, കാലവർഷം എത്തുന്നതിന് മുൻപേ ഈമാസം മാത്രം പനി ബാധിച്ച് സംസ്‌ഥാനത്ത് ഇതുവരെ ചികിൽസ തേടിയത് ഒരുലക്ഷത്തിലധികം പേരാണ്. ഡെങ്കിപ്പനി, ബാധിതരുടെയും എലിപ്പനി ബാധിതരുടെയും എണ്ണവും വലിയതോതിൽ ഉയരുകയാണ്.
മേയ് 22ന് മാത്രം പനി ബാധിച്ച് ചികിൽസ തേടിയവരുടെ എണ്ണം 6279 ആണ്. സർക്കാർ ആശുപത്രികളിൽ ചികിൽസ തേടിയവരുടെ കണക്കാണിത്. ഈമാസം ഇതുവരെ ഡെങ്കിപ്പനി ബാധിച്ചത് 602 പേർക്കാണ്. ഡെങ്കിപ്പനിയുടെ രോഗലക്ഷണവുമായി 1893 പേരാണ് ചികിൽസ തേടിയത്. മഴക്കാലമായാൽ ഇനി പ്രത്യേക കരുതൽ വേണം.

